പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ ഇളവ് അനുവദിക്കുന്നത്. വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ മുമ്പ് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് കയറ്റുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇതിലാണ് മന്ത്രി വ്യക്തത വരുത്തിയത്.
സാധാരണഗതിയില്‍ സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തിന്റെ ക്യാബിന്‍ ബാഗേജില്‍ തേങ്ങ കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍ ഈ പ്രത്യേക ഉത്തരവ് പ്രകാരം ഇരുമുടിക്കെട്ടിനുള്ളിലെ തേങ്ങയും നെയ്ത്തേങ്ങയും ക്യാബിനില്‍ കരുതാവുന്നതാണ്. വിമാനത്താവളത്തിലെ എക്‌സ്-റേ, ഇടിഡി , സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കര്‍ശനമായ ശരീര പരിശോധന തുടങ്ങിയവയ്ക്ക് ശേഷമാണ് ഇരുമുടിക്കെട്ട് കയറ്റാനാകുക. ഇരുമുടിക്കെട്ട് പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക ട്രേകള്‍ സജ്ജീകരിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കിയിരുന്നു.
SUMMARY: Relief for Sabarimala pilgrims; permission to keep the ‘irumudikettu’ inside the aircraft cabin will continue















