ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി രണ്ട് പ്രധാന റെയില്‍വേ പദ്ധതികള്‍ ഒരുങ്ങുന്നു. കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേക്ക് പോകുന്ന തീർത്ഥാടകര്‍ക്ക് യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നിർദ്ദിഷ്ട മീററ്റ്-ഋഷികേശ് നമോ ഭാരത് കോറിഡോറും, നിർമ്മാണത്തിലിരിക്കുന്ന ഋഷികേശ്-കർണപ്രയാഗ് റെയിൽപാതയുമാണ് യാഥാര്‍ഥ്യമാകുന്നത്. ഇരു പാതകളും സജ്ജമാകുന്നതോടെ ഹിമാലയന്‍ സംസ്ഥാനത്തേക്കുള്ള യാത്രയുടെ സമയം ഗണ്യമായി കുറച്ചേക്കും.
ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍വേ പദ്ധതിയുടെ ഏകദേശം 75 ശതമാനം ജോലികളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ദുഷ്‌കരമായ ഹിമാലയന്‍ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ 127 കിലോമീറ്റര്‍ പാതയുടെ 105 കിലോമീറ്ററോളം ഭാഗം തുരങ്കങ്ങളിലൂടെയാണ് നിര്‍മിക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് മീറത്തിലേക്ക് ഇതിനകം തന്നെ ‘നമോ ഭാരത്’ സേവനം ലഭ്യമാണ്. ഹരിദ്വാറിലേക്കും ഋഷികേശിലേക്കും ഈ പാത നീട്ടുന്നത് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തും. നമോ ഭാരത് പാത വിപുലീകരണം പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹി-ഋഷികേശ് യാത്രക്ക് ഏകദേശം 2 മുതല്‍ 2.5 മണിക്കൂര്‍ വരെ സമയം മതിയാകും. ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍വേ പാത ഗഡ്വാള്‍ മേഖലയുടെ ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവില്‍, ഗതാഗതത്തിരക്കും റോഡിന്റെ അവസ്ഥയും അനുസരിച്ച് ഋഷികേശിനും കര്‍ണപ്രയാഗിനും ഇടയിലുള്ള റോഡ് യാത്രക്ക് ഏകദേശം ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ സമയമെടുക്കുന്നുണ്ട്. റെയില്‍വേ പാത പ്രവര്‍ത്തനക്ഷമമാകുന്നതോടെ, ഇതേ യാത്രക്ക് ഏകദേശം രണ്ട് മുതല്‍ രണ്ടര മണിക്കൂര്‍ വരെ സമയം മതിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ട് പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ, റോഡ് മാര്‍ഗം 12 മുതല്‍ 13 മണിക്കൂര്‍ വരെ എടുക്കുന്ന ഡല്‍ഹി-കര്‍ണപ്രയാഗ് യാത്രയുടെ സമയം ഏകദേശം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയായി കുറക്കാന്‍ സാധിക്കും.
SUMMARY: Reaching Uttarakhand from Delhi will soon be faster; a 127-km rail line is coming up.