ബെംഗളൂരു: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രവിശ്യകൾ സംയോജിപ്പിച്ച് 1956 നവംബർ 1 ന് ഐക്യകേരളം പിറന്നത് കേവലം ഒരു റവന്യൂ ഉത്തരവല്ലെന്നും ഭാഷയും സാഹിത്യവും സംസ്ക്കാരവും ജീവിതവും ഊട്ടിയുറപ്പിച്ച ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെയും സംസ്കാരത്തിൻ്റെയും ഒരു സമൂഹമെന്ന നിലയിലുള്ള ആവിഷ്ക്കാരമായിരുന്നുവെന്നും കവിയും നാടകകൃത്തും മുൻ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി പറഞ്ഞു. കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പൊന്നോണം 2026- ഓണാഘോഷതോടനുബന്ധിച്ചു നടന്ന സാഹിത്യ സായാഹ്നത്തിൽ കല, സാഹിത്യം, ജീവിതം കേരളീയ സമൂഹത്തിൻ്റെ ഭാവഭേദങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അരുവിപ്പുറം പ്രതിഷ്ഠയോടൊപ്പം ശ്രീ നാരായണ ഗുരു രചിച്ച ജാതിഭേദം എന്നു തുടങ്ങുന്ന നാലു വരി കവിതയാണ് കേരളീയ നവോത്ഥാനത്തിൻ്റെ ആധാരസൂക്തം. ജാതിവിവേചനത്തിനെതിരായി മനുഷ്യത്വഭരിതവും മതനിരപേക്ഷവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള മാനിഫെസ്റ്റോ ആയിത്തീർന്നു ആശാൻ്റെ കവിതകൾ ദേശീയ സ്വാതന്ത്ര്യത്തിനും മണ്ണിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും ഇന്ധനം നൽകിയതിൽ നമ്മുടെ കവിതകളും പാട്ടുകളും നാടകങ്ങളും കഥാപ്രസംഗങ്ങളുമെല്ലാം വലിയ പങ്കു വഹിച്ചു. ആ പ്രവണതകൾ നമ്മുടെ കലയും സാഹിത്യവും വലിയൊരളവുവരെ പിന്തുടരുന്നുണ്ടെങ്കിലും നമ്മുടെ ടീനേജ് എഴുത്തുകാരുടെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കുന്ന നോവലുകളും മറ്റും കച്ചവട താല്പര്യങ്ങൾക്ക് കീഴടങ്ങുകയും കേരളീയ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നതായി അദ്ദേഹം നിരീക്ഷിച്ചു.
സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കെ. ആർ. കിഷോർ, ആർ. വി. ആചാരി, മുഹമ്മദ് കുനിങ്ങാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സജിത്ത് കുമാർ സ്വാഗതവും ശിവദാസ് ഇടശ്ശേരി നന്ദിയും പറഞ്ഞു. ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും നടന്നു.
SUMMARY: Ponnonam 2026 of KeralaSamajam Bangalore South West
















