കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ പോലീസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. രാഹുലിന്റെ പക്കല്‍ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസന്വേഷണത്തിന്റെ ഭാഗമായി ഫോണിലെ വിവരങ്ങള്‍ പരിശോധിക്കാൻ പാസ്‌വേഡ് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായതിന് ശേഷവും മണ്ഡലത്തില്‍ സജീവമായ രാഹുലിന് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ പിന്തുണയാണ് നല്‍കുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാഹുലിനൊപ്പം വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്, തന്റെ രാഷ്ട്രീയ ഭാവി പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് രാഹുല്‍ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അല്ലാത്തപക്ഷം പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സ്വതന്ത്രനായി മത്സരിക്കാൻ പാർട്ടിക്കാർ ആവശ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.
SUMMARY: Third rape case against Rahul; Order to hand over phone password stays
















