കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം.
നേരത്തേ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്നു വീണ അറിയിക്കുകയായിരുന്നു.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന എസ്എഫ്ഐഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എക്സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍.
സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും അടുത്ത ആഴ്ച നടക്കും. സിഎംആര്‍എല്‍ എംഡി എസ് എന്‍. ശശിധരന് കര്‍ത്ത, മകന് ശരണ്‍ എസ് കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന് തുടങ്ങിയ ഒമ്പത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ശശിധരന് കര്‍ത്തയോട് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
SUMMARY: Veena T summoned again by ED; must appear on Wednesday















