പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കൂരാൻക്കാട്ടില്‍ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ഇന്നലെ മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കില്‍ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.
കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
SUMMARY: Death of children who fell into a water tank in Palakkad was murder; children’s mother in custody
















