ഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി. യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്.
സുപ്രിംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ മറികടന്ന് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രിംകോടതി ഉത്തരവുകള്‍ പാലിക്കേണ്ടത് നീതിന്യായപരമായ അച്ചടക്കത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗുല്‍ഫിഷ ഫാത്തിമ കേസില്‍ സുപ്രിംകോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകളില്‍ ഭേദഗതി വരുത്താൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുക അല്ലെങ്കില്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ (2026 ജനുവരി 05) ഒരു വർഷം തികയുക — ഇവയില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ കാത്തിരിക്കണമെന്നായിരുന്നു സുപ്രിംകോടതി വ്യവസ്ഥ. ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാൻ ഹൈക്കോടതി ബാധ്യസ്ഥമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നിരസിച്ചത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വിചാരണ തടവുകാരനായി ജയിലില്‍ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്‌ക്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു.
SUMMARY: Delhi Riots Conspiracy Case: No Bail for Umar Khalid and Sharjeel Imam
















