കൊച്ചി: വിഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്‌പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി. കാസറഗോഡ് പള്ളത്തടുക്ക എ യു പി സ്കൂളിലെ അദ്ധ്യാപകൻ കെ ഗുരുപ്രസാദ് റായിയുടെ സസ്പെൻഷൻ ഒരു മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിവാദ ചോദ്യത്തിന്റെ പേരില്‍ സസ്‌പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്താണ് അദ്ധ്യാപകൻ ഗുരുപ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് ആറിന് കാസറഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളില്‍ നടന്ന എല്‍പി വിഭാഗം സോഷ്യല്‍ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിലെ ഒരു ചോദ്യവും ഉത്തരവുമാണ് വിവാദമായത്. ‘ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആര്?’ എന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നായിരുന്നു ഉത്തരസൂചികയില്‍ നല്‍കിയിരുന്നത്. സംഭവം വിവാദമായതോടെയാണ് ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തത്.
എന്നാല്‍ അസിസ്റ്റന്റ് എഡ്യൂക്കേഷനല്‍ ഓഫീസറുടെ (എഇഒ) അംഗീകാരത്തോടെയാണ് ചോദ്യപേപ്പർ ഉപയോഗിച്ചതെന്ന് ഹർജിക്കാരന്‍ കോടതിയില്‍ വാദിച്ചു. ചോദ്യപേപ്പറിന് അംഗീകാരം നല്‍കി സ്കൂളുകളിലേക്ക് അയച്ച ഉന്നത അധികൃതരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ഏകപക്ഷീയമാണെന്നായിരുന്നു അധ്യാപകന്റെ വാദം.
നിലവില്‍ തനിക്കെതിരെ കൈക്കൊണ്ടിട്ടുള്ള സസ്‌പെൻഷൻ ഉത്തരവും അച്ചടക്കനടപടികളും നിയമവിരുദ്ധവും മുൻവിധിയോടെയുള്ളതുമാണെന്നും അധ്യാപകൻ വാദിച്ചു. വാദം പൂർത്തിയായതിന് പിന്നാലെയാണ് ഹൈക്കോടതി സസ്‌പെഷൻ ഉത്തരവ് സ്റ്റേ ചെയ്തത്.
SUMMARY: disciplinary action against the teacher who prepared the Savarkar-themed question paper in Kasaragod has been stayed.
















