ബെംഗളൂരു: ബെംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ചതിന് ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഞായറാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം. അഞ്ജലി (23) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പോലീസ് പിടികൂടി.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെങ്കിലും അഞ്ജലിയുടെ വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഇയാൾ ചില ക്രിമിനൽ കേസുകളിൽ പ്രതിയായതാണ് വീട്ടുകാരുടെ എതിർപ്പിന് കാരണം. ഇത് വകവയ്ക്കാതെ ബന്ധം തുടർന്നെങ്കിലും അടുത്തിടെ അഞ്ജലി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു.
ഞായറാഴ്ച രാത്രി യുവതിയെ അത്താഴം കഴിക്കാൻ ക്ഷണിച്ച ശേഷം രാജീവ് അവിടെ വച്ച് വീണ്ടും വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതോടെ വാക്കേറ്റമുണ്ടാവുകയും രാജീവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അഞ്ജലിയെ കുത്തുകയുമായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ഇയാൾ അഞ്ജലിയുടെ കഴുത്തിൽ കുത്തിയത്. കുത്തേറ്റ് വീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ സമീപത്ത് നിന്ന് തന്നെ പിടികൂടി. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
SUMMARY: 23-year-old woman stabbed to death for rejecting marriage proposal; man arrested
















