വാഷിംഗ്ടൺ: അമേരിക്കൻ പടക്കപ്പലിന് നേരെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണം തകർത്തതായി യു.എസ് പ്രതിരോധ വക്താവ്. അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കൻ വിമാന വാഹിനിക്കപ്പൽ ലക്ഷ്യം വച്ച് വന്ന ഇറാനിയൻ ഡ്രോൺ എഫ്-35 സി യുദ്ധവിമാനം വെടിവച്ച് വീഴ്ത്തുകയായിരുന്നു. സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോൺ വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് പറഞ്ഞു.
ചൊവാഴ്ച അറബിക്കടലിൽ വച്ചായിരുന്നു സംഭവം. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്. വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോൺ കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രോൺ ലക്ഷ്യത്തിൽ നിന്ന് മാറിയില്ല.കപ്പലിൽ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച് ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം.
അതേസമയം ആക്രമണം ഉണ്ടായെങ്കിലും ഈ ആഴ്ച ഇറാനുമായി നടത്താനിരുന്ന നയതന്ത്ര ചർച്ചയിൽ മാറ്റമുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
SUMMARY: Iranian drone shot down by US aircraft carrier















