കാസറഗോഡ്: രാജപുരത്ത് കോളേജ് വിദ്യാർഥി പുഴയില്‍ മുങ്ങിമരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാരാക്കോട് തോണിക്കല്ല് സ്വദേശികളായ രവീന്ദ്രൻ-ഗിരിജ ദമ്പതികളുടെ മകനായ അശ്വിൻ രാജ് (19) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബിഎസ്സി വിദ്യാർഥിയാണ് അശ്വിൻ. കൂട്ടുകാർക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു അശ്വിൻ.
കുളി കഴിഞ്ഞ് എല്ലാവരും കരയ്ക്ക് കയറിയ സമയത്താണ് അവർ കൊണ്ടുപോയ ബക്കറ്റ് പുഴയിലെ ഒഴുക്കില്‍പ്പെട്ടത്. ഇത് തിരിച്ചെടുക്കാനായി പുഴയിലേക്ക് വീണ്ടും ഇറങ്ങിയ അശ്വിൻ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, നാട്ടുകാരെത്തി അശ്വിനെ കരയ്ക്കെത്തിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: College student drowns while bathing in Kasaragod river















