തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ബസുടമകളുടെ ആറ് സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് സംഘടനകള്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ബസുടമകള്‍ അറിയിച്ചു. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാൻ സർക്കാരിന് മുന്നില്‍ നിർദേശങ്ങള്‍ വച്ചിരുന്നു. എന്നാല്‍ ആ നിർദേശങ്ങള്‍ പാലിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം. സമരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ സർക്കാർ സഹായിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ വേറെ വഴിയില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി.
SUMMARY: Priyadarshini Project: Private Bus Owners to Begin Indefinite Hunger Strike















