മധ്യപ്രദേശ്: ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന അഭ്യുഹത്തെ തുടർന്ന് പാളത്തിലേക്ക് ചാടിയ നാല് യാത്രക്കാർ എതിരെ വന്ന ട്രെയിനിടിച്ചു മരിച്ചു. മധ്യപ്രദേശിലെ മൊറേന ജില്ലയിലുള്ള ഹേതംപൂർ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്. 3 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു.
ഖജുരാഹോ-ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രാക്കിലേക്ക് ചാടിയവരാണ് മരിച്ചത്. ജനറൽ കോച്ചിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അപായ ചങ്ങല വലിച്ചതിനെ തുടർന്ന് പെട്ടെന്ന് നിർത്തുകയായിരുന്നു. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ആരോ വിളിച്ചുപറഞ്ഞതോടെ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ട്രാക്കിലേക്കിറങ്ങുകയായിരുന്നു. ഈ സമയം അപ് ലൈനിലൂടെ വന്ന ഫിറോസ്പൂർ- സിയോണി പാതാൽകോട്ട് എക്‌സ്പ്രസ് ട്രാക്കിലുണ്ടായിരുന്ന യാത്രക്കാരെ ഇടിക്കുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ട്രെയിനിൽ തീപിടുത്തമുണ്ടായതിന്റെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് ഝാൻസി റെയിൽവേ ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അനിരുദ്ധ് കുമാർ പറഞ്ഞു. റെയിൽവേ ലൈനിലേക്ക് ഇറങ്ങിയ യാത്രക്കാർക്ക് പാതൽകോട്ട് എക്സ്പ്രസ് വരുന്നത് കാണാൻ സാധിച്ചിരുന്നില്ല. അതാണ് അപകടത്തിലേക്ക് നയിച്ചത്. ഏത് സാഹചര്യത്തിലാണ് അപായ ചങ്ങല വലിച്ചതെന്നും വ്യാജപ്രചാരണം ഉണ്ടായതെന്നും കണ്ടെത്താന്‍ ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരടങ്ങുന്ന സമിതി രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
SUMMARY: Passengers who had come down from the tracks were hit by another train – four dead
















