ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ സൃഷ്ടിച്ച് സൈബർ തട്ടിപ്പ്. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടമായി. കമ്പനിയുടെ അക്കൗണ്ടന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 26-ന് മാനേജിങ് ഡയറക്ടറുടെ പേരും ചിത്രവും പ്രദർശിപ്പിച്ചിരുന്ന ഒരു മൊബൈൽ നമ്പറിൽ നിന്ന് കമ്പനിയുടെ അക്കൗണ്ടന്റിന് സന്ദേശം ലഭിച്ചു. അത് യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച അക്കൗണ്ടന്റ് അടിയന്തര ബിസിനസ് ആവശ്യത്തിനാണെന്ന് വിശ്വസിച്ച് തട്ടിപ്പുകാര്‍ അയച്ച ബാങ്ക് അക്കൗണ്ടിലേക്ക് ആർ.ടി.ജി.എസ് (RTGS) വഴി 65 ലക്ഷം കൈമാറുകയായിരുന്നു. പിന്നീട് മാനേജിങ് ഡയറക്ടറുമായി സംസാരിച്ചപ്പോഴാണ് സന്ദേശം വ്യാജമാണെന്നും തട്ടിപ്പിനിരയായെന്നും വ്യക്തമായത്. ഉടൻ തന്നെ സൈബർ ഹെൽപ് ലൈൻ 1930-ൽ വിവരം അറിയിക്കുകയും തുടർന്ന് സൗത്ത് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ വിവരസാങ്കേതിക നിയമവും ബന്ധപ്പെട്ട ക്രിമിനൽ വകുപ്പുകളും പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ പ്രൊഫൈലുകളും സന്ദേശങ്ങളും വിശ്വസിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും വലിയ തുക കൈമാറുന്നതിന് മുമ്പ് നേരിട്ട് ബന്ധപ്പെട്ട വ്യക്തിയുമായി സ്ഥിരീകരണം നടത്തണമെന്നും സൈബർ ക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.
SUMMARY: Fake WhatsApp profile; Bengaluru company loses Rs 65 lakh
















