ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2026 ഡിസംബർ 31-നകം നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. നേരത്തെ ഓഗസ്റ്റ് 31 വരെ നൽകിയിരുന്ന സമയപരിധിയാണ് കോടതി ഡിസംബർ അവസാനത്തോടെ നീട്ടിയത്.
സംസ്ഥാനത്ത് നടക്കുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വോട്ടർ പട്ടികയുടെ പുതുക്കൽ നവംബർ വരെ നീളാൻ സാധ്യതയുള്ളതിനാലാണ് തിരഞ്ഞെടുപ്പ് തീയതി നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഈ സാഹചര്യം പരിഗണിച്ചാണ് സുപ്രീം കോടതി ഹർജി അനുവദിച്ചത്.
അഞ്ച് നഗരസഭകളുടെയും ഭരണസംവിധാനങ്ങൾ നിലവിൽ വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളിൽ വ്യാപൃതമാണെന്നും, ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമേ സ്വതന്ത്രവും ക്രമബദ്ധവുമായ തിരഞ്ഞെടുപ്പ് നടത്താനാകൂ എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
വിധിക്ക് പിന്നാലെ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, ഡിസംബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് നിർബന്ധമായും നടത്തുമെന്നും ഇനി കൂടുതൽ സമയം തേടില്ലെന്നും വ്യക്തമാക്കി. ബെംഗളൂരു നഗരത്തിൽ ഏറെ നാളായി ജനപ്രതിനിധികളില്ലാത്ത സാഹചര്യത്തിന് ഇതോടെ വർഷാവസാനത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
SUMMARY: Bengaluru Municipal Corporation elections should be held by December 31; Supreme Court orders
















