തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് പ്രസ്താവന നടത്തിയ നടൻ ടൊവിനോ തോമസിന്റെ വീടിനു മുന്നിൽ യുവമോർച്ച പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. നടന്റെ തൃശൂർ ഇരിങ്ങാലക്കുടയിലെ വീടിന് മുന്നിലായിരുന്നു പ്രതിഷേധം. രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന നടന്‍ എന്നാരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധിച്ചത്. കേരളത്തില്‍ പിഎസ്‍സി റാങ്കിലുള്ളവര്‍ മണ്ണ് വാരി തിന്ന് പ്രതിഷേധിച്ചിട്ടും, കേരളത്തിലെ നഴ്സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത, രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വായ തുറന്നു തുടങ്ങി എന്ന ബാനറുമായാണ് യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം പ്രവര്‍ത്തകര്‍ ടോവിനോയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചത്.
പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകര്‍ പ്രകടനമായെത്തി ടോവിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രവർത്തകരാണ് പ്രകടനമായെത്തി ടോവിനോയ്ക്ക് പിന്തുണ അറിയിച്ചത്.
ജന്തര്‍ മന്ദറില്‍ സിജെപി പ്രതിഷേധത്തിന് നേരെ നടന്ന ആക്രണത്തിന് പിന്നാലെയാണ് പിന്തുണയുമായി ടൊവിനോ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഭാവി തന്നെയാണ് ഇവിടെ ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.
‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം രാജ്യത്തിന്റെ ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ജനാധിപത്യത്തിലുളള വിശ്വാസമാണ് ചോര്‍ന്നുപോകുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ പൊതുമുതല്‍ നശിപ്പിച്ചോ? അക്രമത്തിലേക്ക് തിരിഞ്ഞോ? ഇങ്ങനെ ആക്രമിക്കാന്‍ അവര്‍ എന്ത് തെറ്റാണ് ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂര്‍വം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാന്‍ പൂര്‍ണഹൃദയത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുളള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല. അത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ തന്നെയാണ്. ഇനി, എന്റെ ദേശീയതയെ ചോദ്യംചെയ്യാന്‍ വരുന്നവരോടാണ്, നിങ്ങളേക്കാള്‍ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്’, എന്നായിരുന്നു ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
SUMMARY: Yuva Morcha protests in front of Tovino’s house in support of student protest
















