ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ തുളച്ചുകയറിയതിനെ തുടർന്ന് 22-കാരനായ തൊഴിലാളി മരിച്ചു. രാജസ്ഥാനിലെ നാഗൗർ സ്വദേശിയായ ഷഹ്സാദ് അലിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരു ഗ്രാമീണ ജില്ലയിലെ ദൊഡ്ഡബല്ലാപുര താലൂക്കിലെ കോണഘട്ട ഗ്രാമത്തിൽ നിർമാണം നടന്നുകൊണ്ടിരുന്ന ആരാധനാലയത്തിലാണ് അപകടമുണ്ടായത്.
മൂന്ന് മാസം മുമ്പാണ് ഷഹ്സാദ് അലി സുഹൃത്തുക്കളായ എസ്. സാഹിൽ ഖാൻ, സമീർ, അഷ്റഫ് എന്നിവർക്കൊപ്പം രാജസ്ഥാനിൽ നിന്ന് ബെംഗളൂരുവിലെത്തിയത്. നിർമാണത്തിലിരിക്കുന്ന ആരാധനാലയത്തിൽ മാർബിൾ പാകുന്ന ജോലിയായിരുന്നു ഇവർ ചെയ്തിരുന്നത്. ജോലിസ്ഥലത്തെ തൊഴിലാളി ഷെഡിലായിരുന്നു ഇവരുടെ താമസം. മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയും അതിവേഗത്തിൽ തിരിഞ്ഞ ബ്ലേഡ് അലിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേൽപ്പിക്കുകയുമായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് സഹപ്രവർത്തകർ ഉടൻ ബഷെട്ടിഹള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
കരാറുകാരനായ മുഹമ്മദ് ആരിഫിനും നിർമാണം ഏറ്റെടുത്ത ട്രസ്റ്റിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവർക്കും നോട്ടീസ് നൽകിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലം ക്രൈം വിഭാഗവും ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു. അപകടസമയത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോയെന്നതടക്കം വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Young worker dies after machine blade pierces neck while cutting marble
















