ധര്‍മപുരി: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍ മരിച്ചു. റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദാരുണ സംഭവം. ബന്ധുവിനൊപ്പം ആടുമേയിക്കാന്‍ എത്തിയ കുട്ടികള്‍ സമീപത്തെ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അമിതവേഗത്തില്‍ എത്തിയ മില്‍ക്ക് വാന്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ചെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍ നാല് കുട്ടികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. സമീപത്തുണ്ടായിരുന്ന ഒരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ടതിനെ തുടര്‍ന്ന് ബോധരഹിതയായ കുട്ടികളുടെ ബന്ധുവായ അഞ്ചമ്മാളിനെയും പരിക്കേറ്റയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടശേഷം നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പോലീസ് അറസ്റ്റ് ചെയ്തു.
മനഃപൂര്‍വമല്ലാത്ത നരഹത്യ, അമിതവേഗത്തില്‍ വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Four children who were playing on the road were killed by a van















