തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്നോട് ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്ന് ജിജി തോംസണ്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനവും ഗ്യാനേഷ് കുമാര്‍ അന്ന് തനിക്ക് നല്‍കിയിരുന്നതായി ജിജി തോംസണ്‍ വ്യക്തമാക്കി.
2016-ൽ ഇരുവരും ഒന്നിച്ച് ഡൽഹിയിലേക്ക് നടത്തിയ ഒരു വിമാനയാത്രയ്ക്കിടയിലായിരുന്നു ഈ സംഭാഷണം നടന്നത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് സർവീസിലിരിക്കെയാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് അറിയിച്ച് ആ ക്ഷണം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞതായാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ഒരാളില്‍ നിന്നല്ല ഇത്തരമൊരു ക്ഷണം വരേണ്ടതെന്നും, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാനായി ബുധനാഴ്ച യോഗം വിളിച്ച് ഇന്‍ഡ്യാ മുന്നണി. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്കും വോട്ട് വെട്ടിമാറ്റലിനുമെതിരെ തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും നടക്കുന്നുണ്ട്.
SUMMARY: The Chief Election Commissioner asked him to join the BJP and contest; Former Chief Secretary GG Thomson exposed against Gyanesh Kumar
















