ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ് ബെംഗളൂരു വിദ്യാരണ്യപുരയിൽ താമസിക്കുന്ന 53 കാരി മിനി വിനോദ്. മൺസൂൺ കാലത്തിന്റെ ദുർഘടങ്ങളെയും പ്രതികൂല കാലാവസ്ഥയെയും തോൽപ്പിച്ച് നാഗാലാൻഡിലെ മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് നടത്തിയ സാഹസിക ട്രെക്കിങ്ങിലൂടെയാണ് ഈ മലയാളി വനിത ദേശീയതലത്തിൽ ശ്രദ്ധേയമായ റെക്കോഡ് സ്വന്തമാക്കിയത്.
റെക്കോർഡ് നേട്ടത്തിലേക്ക് ഒരു ദിവസം, 13 മണിക്കൂർ
2026 സെപ്റ്റംബർ 4-നാണ് ചരിത്രപ്രധാനമായ ഈ നേട്ടം മിനി വിനോദ് കൈവരിച്ചത്. തനമിർ ഗ്രാമത്തിൽ നിന്ന് യാത്ര ആരംഭിച്ച്, മറ്റ് നാല് സഹയാത്രികർക്കൊപ്പമാണ് അവർ മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് എത്തിയത്. തുടർച്ചയായ മഴയും വഴുക്കലുള്ള പാതകളും കാഴ്ചപരിധി കുറഞ്ഞ സാഹചര്യവും കാരണം അതീവ ദുഷ്കരമായിരുന്ന യാത്ര, ഏകദേശം 13 മണിക്കൂർ കൊണ്ടാണ് ഇവർ ഒറ്റ ദിവസം കൊണ്ട് പൂർത്തിയാക്കിയത്. മിനി വിനോദിന്റെ സഹനശക്തിയും അടിയുറച്ച ധൈര്യവും സാഹസികതയോടുള്ള അഭിനിവേശവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ‘ഏസ് ബുക്ക് ഓഫ് റെക്കോഡ്സി’ന്റെ 2027 പതിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

വേരുകൾ കേരളത്തിലും കർണാടകത്തിലും; കരുത്തായി ബാംഗ്ലൂർ ജീവിതം
കർണാടകയിലെ ബെല്ലാരി ജില്ലയിലെ ഡോണിമല എന്‍എംഡിസി ടൗൺഷിപ്പിലും ധാർവാഡിലുമായിരുന്നു മിനിയുടെ ജനനവും വളർച്ചയും വിദ്യാഭ്യാസവും. അച്ഛന്റെ സ്വദേശം പാലക്കാടും അമ്മയുടേത് വർക്കലയുമാണ്. കഴിഞ്ഞ 31 വർഷമായി ബെംഗളൂരുവില്‍ കുടുംബത്തോടൊപ്പം കഴിയുന്ന അവർ, നിലവിൽ വിദ്യാരണ്യപുരയിലെ ബി.ഇ.എൽ ലേഔട്ടിലാണ് താമസം. ഭർത്താവ് വിനോദ് ശ്രീധരൻ, മക്കളായ പ്രണവ് കൈമൾ, ശ്രേയ, മരുമകൻ തോമസ് എബ്രഹാം, പേരക്കുട്ടി ഐഡ എന്നിവരടങ്ങുന്നതാണ് കുടുംബം.
ആറു മാസത്തെ കഠിനമായ തയ്യാറെടുപ്പുകൾ
10 ദിവസത്തെ ട്രെക്കിങ്ങിനായി 2026 മാർച്ചിലാണ് നാഗാലാൻഡിലേക്ക് അവസരം ലഭിക്കുന്നത്. ഇന്ത്യയിലെ ഹിമാലയേതര പർവ്വതനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സരമതി എന്നതോ, യാത്ര എത്രമാത്രം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നോ അന്ന് അവർക്ക് പൂർണ്ണമായി അറിയുമായിരുന്നില്ല.
യുവത്വത്തിലുള്ള ശാരീരിക ക്ഷമത ഇപ്പോഴില്ലെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും, ആറുമാസക്കാലം കഠിനമായ തയ്യാറെടുപ്പുകളാണ് മിനി നടത്തിയത്. കൃത്യമായ നടത്തം, ശക്തി വർദ്ധിപ്പിക്കാനുള്ള വ്യായാമങ്ങൾ, യോഗ, സമീകൃത ആഹാരം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ ദിനചര്യ യാതൊരു വിട്ടവീഴ്ചയും ഇല്ലാതെ അവർ പിന്തുടർന്നു.

പ്രായം വെറുമൊരു സംഖ്യമാത്രം
ആശങ്കപ്പെട്ടതിനേക്കാൾ കഠിനമായിരുന്നു യാഥാർത്ഥ അനുഭവങ്ങൾ. ശാരീരികവും മാനസികവുമായ അതിതീവ്ര സമ്മർദ്ദങ്ങളെയും പരിമിതികളെയും ഒപ്പമുണ്ടായിരുന്നവരുടെ പിന്തുണയോടെയും സ്വന്തം ഇച്ഛാശക്തിയോടെയും അവർ അതിജീവിച്ചു. വലിയ പരിക്കുകളോ തിരിച്ചടികളോ ഇല്ലാതെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മിനി.
സരമതി പർവ്വത ബേസ് ക്യാംപിൽ എത്തിയെന്നതിലുപരി, വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള മനസ്സും കൃത്യമായ തയ്യാറെടുപ്പും ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമേയല്ല എന്ന് സ്വയം തെളിയിക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ വിജയമെന്ന് മിനി വിനോദ് സാക്ഷ്യപ്പെടുത്തുന്നു. സഹസികതയുടെ പുതിയ വഴികൾ വെട്ടിത്തുറക്കുന്ന മിനി വിനോദ്, നാടിനാകെയും വിശിഷ്യാ വനിതകൾക്കാകെയും അഭിമാനകരമായ ഒരു മാതൃകയാണ്.
SUMMARY: Malayali woman scales Mount Saramati; Mini Vinod sets national record.
















