വാശിയേറിയതും അത്യന്തം ആകാംഷ നിറഞ്ഞതുമായ ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ആർച്ചറുടെ പുസ്തകങ്ങൾ ലോകമെമ്പാടുമായി 30 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. 1975 ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്’, 1979-ൽ പുറത്തിറങ്ങിയ ‘കെയ്ൻ ആന്റ് ആബെൽ’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നോവലുകളിൽ ചിലതാണ്. അദ്ദേഹത്തിന്റെ പുതിയ നോവലായ ‘ആദം ആന്റ് ഈവ്’ ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.
1940 ഏപ്രിൽ 15-ന് വടക്കൻ ലണ്ടനിലാണ് ആർച്ചറുടെ ജനനം. വൈകാതെ അദ്ദേഹം സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ-മേയറിലേക്ക് മാറിയതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. 1969-ൽ ലിങ്കൺഷെയറിലെ ലൗത്ത് മണ്ഡലത്തിൽനിന്ന് അദ്ദേഹം ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം ജനപ്രതിനിധിയായി പ്രവർത്തിച്ച ശേഷം, 1980-കളുടെ മധ്യത്തിൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ ഭരണകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു.
എന്നാൽ 2001-ൽ ജയിലിലായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയുണ്ടായി. ‘ദി സ്റ്റാർ’ എന്ന പത്രത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ കള്ളം പറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഈ കേസിൽ അദ്ദേഹത്തിന് അഞ്ച് ലക്ഷം പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു. 2003-ൽ ജയിൽ മോചിതനായ ശേഷം ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സിലേക്ക് തിരിച്ചെത്തി. 2024 ൽ ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് വിരമിച്ചു. 2023 ആർചർ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
SUMMARY: Renowned British writer Jeffrey Archer has passed away.