മുംബൈ: മുംബൈയിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് വാങ്ങിയ ദോശയില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യജമാണെന്നാണ് സംശയം. സംഭവത്തിന്റെ മറവില്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവാലി പോലീസാണ് യുവതികളെ അറസ്റ്റ് ചെയ്തത്.
ബോറിവാലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവമുണ്ടായത്. ഹോട്ടലില്‍ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി എന്നയാള്‍ ദോശയില്‍ ചെറിയ എലിയെ കണ്ടെത്തിയെന്ന് ആരോപിച്ചിരുന്നു. ദോശ കഴിച്ച് താന്‍ പലതവണ ഛര്‍ദ്ദിച്ചെന്ന് കാട്ടി ഇയാള്‍ ബോറിവാലി പൊലീസിനും മഹാരാഷ്ട്ര ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഹോട്ടലിനെതിരെ നടപടി എടുത്ത ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു.
എന്നാല്‍, ഇതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കുന്ന രീതിയിലുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. പരാതിക്കാരനായ അമിത് ത്രിവേദിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് എത്തിയ രണ്ട് സ്ത്രീകള്‍, കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഹോട്ടല്‍ ഉടമയോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഹോട്ടല്‍ എന്നന്നേക്കുമായി പൂട്ടിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 308(2), 3(5) പ്രകാരം കവര്‍ച്ചാശ്രമത്തിനും ഭീഷണിപ്പെടുത്തലിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ദോശയില്‍ എലി എങ്ങനെ വന്നു എന്നതിനെക്കുറിച്ചും, ഇത് ഹോട്ടല്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ പണം തട്ടിയെടുക്കാന്‍ മനപൂര്‍വം പ്ലേറ്റില്‍ കൊണ്ടുവച്ചതാണോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Woman arrested for threatening hotel owner and demanding ₹25 lakh after alleging a dead rat was found in a dosa
















