ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടുന്നത് തടയുന്നതിനായി ആരംഭിച്ച ‘ഫ്രീഡം ഫ്രം വേസ്റ്റ്’ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ 709 ഒഴിഞ്ഞ സ്ഥലങ്ങൾ വൃത്തിയാക്കിയതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു. നഗരത്തിലെ വിവിധ മേഖലകളിലായി നടത്തിയ പരിശോധനകൾക്കും തുടർനടപടികൾക്കും ശേഷമാണ് ഇത്രയും സ്ഥലങ്ങളിൽ ശുചീകരണം പൂർത്തിയാക്കിയത്.
ശുചീകരിച്ച 709 സ്ഥലങ്ങളിൽ 668 സ്ഥലങ്ങൾ ഉടമകൾ തന്നെ വൃത്തിയാക്കിയതാണ്. ശേഷിക്കുന്ന 41 സ്ഥലങ്ങൾ നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും ഉടമകളെ സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ നിർബന്ധിതരാക്കുന്നതിനുമാണ് അധികൃതർ നടപടി ശക്തമാക്കിയത്.
നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് വലിയ പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. മാലിന്യം കെട്ടിക്കിടക്കുന്നതോടെ കൊതുകുകളും മറ്റ് കീടങ്ങളും പെരുകുകയും ദുർഗന്ധം ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് ഇത്തരം സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് രോഗവ്യാപനത്തിനുള്ള സാഹചര്യം കൂടുതൽ രൂക്ഷമാക്കുകയും ചെയ്യും. ഒഴിഞ്ഞ സ്ഥലങ്ങൾ മാലിന്യം തള്ളാനുള്ള ഇടങ്ങളായി ഉപയോഗിക്കുന്നത് തടയുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിശോധനയും ബോധവത്കരണവും ഒരേസമയം ശക്തമാക്കിയിട്ടുണ്ട്.
സ്ഥലത്തിന്റെ ഉടമകളെ കണ്ടെത്തി ആദ്യം ശുചീകരിക്കാൻ നിർദേശം നൽകുകയും നിർദേശം പാലിക്കാത്ത സാഹചര്യത്തിൽ അധികൃതർ നേരിട്ട് ശുചീകരണം നടത്തുകയും ചെയ്യുന്ന രീതിയിലാണ് നടപടി.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി തുടർ പരിശോധനകളും നടത്തും. മാലിന്യം വീണ്ടും നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ശുചീകരിച്ച സ്ഥലങ്ങൾ പരിപാലിക്കുന്നതിനും നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Garbage-free Bengaluru: Greater Bengaluru Authority cleans up 709 vacant plots.
















