കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് തള്ളിയത്. നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യഹർജികള്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ അഡീഷണല്‍ സെഷൻസ് കോടതിയെ സമീപിച്ചത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. സുഹൈലിന്റെ സുഹൃത്തുക്കള്‍ക്കെതിരെ ചുമത്തിയ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
സുഹൈലിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ തെറ്റായ സന്ദേശമുണ്ടാകുമെന്നും പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. അപകടത്തിന് പിന്നാലെ മൂന്നാം പ്രതി ടി. ജോയല്‍ സുഹൃത്തിന് അയച്ച വോയ്‌സ് മെസേജിന്റെ വിവരങ്ങളും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
SUMMARY: Nedumbassery Mini Cooper accident: Bail denied to Suhail
















