ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു കൺവെൻഷന് ബാബുസാപാളയ സെന്റ് തോമസ് സെന്ററിൽ തുടക്കം. കുറവിലങ്ങാട് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുവിശേഷ യോഗത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
ഈ ലോകത്തിലെ മനുഷ്യജീവിതം ശാരീരിക മരണത്തോടെ അവസാനിക്കുമെങ്കിലും മനുഷ്യന് ഒരു പുനരുത്ഥാനമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരുവചനപ്രകാരം രണ്ട് പുനരുത്ഥാനങ്ങളാണുള്ളതെന്നും, അതിൽ ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കാളിയാകാൻ വേണ്ടിയാണ് ഓരോരുത്തരും ഈ ഭൂമിയിൽ ജീവിക്കേണ്ടതെന്നും വിശ്വാസവും വിശുദ്ധിയും നിറഞ്ഞതും ക്രിസ്തുവിനോടൊപ്പമുള്ളതുമായ ജീവിതമാണ് മനുഷ്യൻ നയിക്കേണ്ടതെന്നും . ഡോ. വർഗീസ് പറഞ്ഞു.
കൺവെൻഷന്റെ രണ്ടാം ദിനമായ ഞായറാഴ്ച ഡോ. എം.സി. വർഗീസ് പ്രധാന സന്ദേശം നൽകും. ഉച്ച കഴിഞ്ഞു 3 മുതൽ 5:30 വരെയുള്ള യോഗത്തിൽ സേക്രഡ് ഹാർട്ട് കോളേജ് നെല്യാടി മുൻ പ്രിൻസിപ്പൾ പ്രൊഫ. എൻ.എം. ജോസഫും സന്ദേശം നൽകും.
യുവജനങ്ങൾക്കായുള്ള പ്രത്യേക യോഗം രാവിലെ 11 :30 മുതൽ ഉച്ചയ്ക്ക് 1 :30 വരെ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
















