കോട്ടയം: ദേശീയപാത 183-ല്‍ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ച് വൻ അപകടം. ചോറ്റി ജംഗ്ഷനില്‍ ഞായറാഴ്ച (നവംബർ 1) രാവിലെ 8.15-ഓടെ ഉണ്ടായ അപകടത്തില്‍ യാത്രക്കാരും വഴിയാത്രികരും അടക്കം നിരവധി പേർക്ക് പരിക്കേറ്റു.
അഞ്ച് കാറുകള്‍, ഒരു ഓട്ടോറിക്ഷ, ഒരു സ്കൂട്ടർ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂട്ടിക്കല്‍, മടുക്ക, ചോറ്റി സ്വദേശികളായ മൂന്ന് പേരുടെ പരുക്ക് സാരമുള്ളതാണ്.
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേ വന്ന വാഹനത്തില്‍ ഇടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട മറ്റു വാഹനങ്ങള്‍ ഒന്നൊന്നായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
SUMMARY: Accident on the national highway; seven vehicles collide in Mundakayam, leaving several people injured
















