ചെന്നൈ: തമിഴ്‌നാടിനായി സ്വന്തമായി ഒരു സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി തമിഴ്‌നാട് സർക്കാർ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായ നവംബർ ഒന്ന് ‘തമിഴ്‌നാട് ദിന’മായി ആചരിക്കുമെന്നും, ഈ ദിനത്തിൽ സംസ്ഥാനത്തിന് സ്വന്തമായി പ്രത്യേക പതാക ആവശ്യമാണെന്നും മന്ത്രി ആധവ് അർജുന പ്രഖ്യാപിച്ചു.
ദേശീയപതാകയ്ക്ക് തുല്യമായ പ്രാധാന്യത്തോടെ തമിഴ്‌നാടിന്റെ തനിമയും ഭാഷാപരമായ പ്രൗഢിയും പ്രതിഫലിക്കുന്ന തരത്തിലായിരിക്കണം സംസ്ഥാന പതാക രൂപകൽപ്പന ചെയ്യേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. നവംബർ ഒന്നിനോ തമിഴ്‌നാട് എന്ന് പുനർനാമകരണം ചെയ്ത ജൂലൈ 18-നോ മുഖ്യമന്ത്രി ഈ പതാക ആദ്യമായി ഉയർത്തണമെന്നും എല്ലാ വീടുകളിലും ഇത് പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
എന്നാൽ ഈ നീക്കത്തിനെതിരെ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ദേശീയ ഒരുമയെ ചോദ്യം ചെയ്യുന്നതും വിഘടനവാദ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ തീരുമാനമെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭരണസൗകര്യത്തിനായി രൂപീകരിച്ചതാണെന്നും അമേരിക്കയിലേത് പോലെ പ്രത്യേക സംസ്ഥാന പതാകകൾ ഇന്ത്യയിൽ പ്രായോഗികമല്ലെന്നുമാണ് ബി.ജെ.പിയുടെ വാദം.
അതേസമയം, കർണാടക ഉൾപ്പെടെയുള്ള മറ്റ് ചില സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ സംസ്ഥാന പതാകയ്ക്കായുള്ള ആവശ്യങ്ങളും ആചാരങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ സംവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
SUMMARY: Government moves to introduce a state flag for Tamil Nadu; DMK and BJP express opposition.
















