ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ വകുപ്പ് . ഇന്നു മുതൽ നവംബർ 5 വരെയുള്ള ദിവസങ്ങളിൽ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
തീരദേശ കർണാടകയിൽ നവംബർ 3-ന് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലാണ് പ്രത്യേക ജാഗ്രത നിർദേശം. നവംബർ 2, 4, 5 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
വടക്കൻ ഉൾനാടൻ കർണാടകയിൽ നവംബർ 3, 4 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബെളഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ബാഗൽകോട്ട്, വിജയപുര, കലബുറഗി തുടങ്ങിയ ജില്ലകളിൽ ജാഗ്രത പാലിക്കണം.
തെക്കൻ ഉൾനാടൻ മേഖലയിൽ നവംബർ 2, 3 തീയതികളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബെംഗളൂരു ഉൾപ്പെടുന്ന ഈ മേഖലയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
നഗരത്തിൽ നവംബർ 4 വരെ ശക്തമായ സാധാരണ മഴയോ ഇടിയോടുകൂടിയ മഴയോ ലഭിക്കാമെന്നാണ് പ്രവചനം. നഗരത്തിലെ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിനും സമീപമായിരിക്കുമെന്നാണ് പ്രവചനം.
ഇടിമിന്നലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു താഴെയും നിൽക്കുന്നത് ഒഴിവാക്കണമെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മഴവെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ മുൻകരുതലെടുക്കണം.
SUMMARY: Heavy rain warning in Karnataka; alert issued for various regions.
















