കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പോലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റം നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
സുഹൃത്തുക്കള്‍ ചതിച്ചുവെന്നും തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നുമാണ് തൊപ്പി പോലീസിനോട് പറഞ്ഞത്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ആലുവ റൂറല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നിഹാദിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പോലീസ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്.
പരസ്പരം ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള തൊപ്പിയുടെയും കൂട്ടരുടെയും ലൈവ് വിഡിയോകള്‍ വലിയ ചര്‍ച്ചയായിരുന്നു. പരാതികളെ തുടര്‍ന്ന് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.
SUMMARY: Case involving the circulation of nude visuals of friends; charge sheet filed against Thoppi