ശ്രീനഗർ: ജമ്മു കശ്മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ (NC) വൻ പൊട്ടിത്തെറി സൃഷ്ടിച്ചുകൊണ്ട് ശ്രീനഗറിൽ നിന്നുള്ള ലോക്സഭാ എംപിയും പ്രമുഖ ഷിയാ നേതാവുമായ ആഗ സയീദ് റൂഹുള്ള മെഹ്ദി പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തു നിന്നും രാജി പ്രഖ്യാപിച്ചു. 24 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചാണ് അദ്ദേഹം പുറത്തുപോയത്. ബുദ്ഗാമിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാജി പ്രഖ്യാപനം.
കൊല്ലപ്പെട്ട തന്റെപിതാവ് ആഗ സയീദ് മെഹ്ദിയുടെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് മധ്യ കശ്മീരിലെ ബഡ്ഗാമിൽ ഇന്ന് നടന്ന വൻ ജനകീയ റാലിയിലാണ് അദ്ദേഹം നാടകീയ പ്രഖ്യാപനം നടത്തിയത്. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അദ്ദേഹം രാജി കത്തയക്കുകയും ചെയ്തു.
ഏകദേശം 80 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നാഷണൽ കോൺഫറൻസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയ്ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയ അദ്ദേഹം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് നേതൃത്വം പിന്നോട്ടുപോയെന്ന് ആരോപിച്ചു.
2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വലിയ ജനവിധിയെയും അവരുടെ വികാരങ്ങളെയും നാഷണൽ കോൺഫറൻസ് നേതൃത്വം വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) പുനഃസ്ഥാപിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും പിന്തിരിഞ്ഞതായി അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക പദവിക്ക് പകരം വെറും ‘സംസ്ഥാന പദവി’ (Statehood) തിരികെപിടിക്കുന്നതിലേക്ക് പാർട്ടി അജണ്ട ചുരുക്കിയതിനെ അദ്ദേഹം ശക്തമായി എതിർത്തു. ഒരു ലക്ഷം തൊഴിലവസരങ്ങൾ, സൗജന്യ വൈദ്യുതി, തടവുകാരുടെ മോചനം തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ഒമർ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമർ അബ്ദുള്ള അപ്രാപ്തനാണെന്നും (Incompetent) റൂഹുള്ള വിമർശിച്ചു.
2024-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാന താരപ്രചാരകനായിരുന്ന റൂഹുള്ളയുടെ രാജി നാഷണൽ കോൺഫറൻസിന് വലിയ തിരിച്ചടിയാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിലവിൽ 20-ലധികം നാഷണൽ കോൺഫറൻസ് എംഎൽഎമാർ പാർട്ടി നേതൃത്വത്തിനെതിരെ വിയോജിപ്പുമായി രംഗത്തുണ്ടെന്നും വാർത്തകളുണ്ട്. വരും ദിവസങ്ങളിൽ കശ്മീർ രാഷ്ട്രീയത്തിൽ കൂടുതൽ നിർണായക മാറ്റങ്ങൾ ഉണ്ടായേക്കാം.
SUMMARY: Turmoil in Jammu and Kashmir’s ruling National Conference; Aga Ruhullah quits the party.
















