കീവ്സ്: യുക്രെയ്നിലെ സപ്പോറീഷ്യ മേഖലയിലുള്ള മാനുഷിക സഹായകേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. മുൻനിരയ്ക്ക് സമീപമുള്ള കൊമിഷുവാഖ ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. വിദ്യാർഥികൾക്ക് പഠിക്കാനായി ഉപയോഗിക്കാത്ത ഈ കെട്ടിടം അഭയകേന്ദ്രമായും ആഴ്ചതോറും സഹായപ്പൊതികൾ വിതരണം ചെയ്യുന്ന കേന്ദ്രമായും പ്രവർത്തിച്ചുവരികയായിരുന്നു.
തിങ്കളാഴ്ച സഹായം വാങ്ങാനായി പ്രദേശവാസികൾ എത്തിയ സമയത്താണ് ആദ്യ ആക്രമണമുണ്ടായതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. പിന്നാലെ അഭയകേന്ദ്രത്തിന് നേരെ വീണ്ടും വ്യോമാക്രമണമുണ്ടായി. മരിച്ചവരിൽ രക്ഷാപ്രവർത്തക സംഘത്തിലെ രണ്ട് പേരും നാല് പൊലീസുകാരും ഉൾപ്പെടുന്നു. അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 48 പേരെ കാണാതായതായും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തെ രൂക്ഷമായി വിമർശിച്ച സെലെൻസ്കി, റഷ്യയ്ക്ക് പ്രദേശവാസികളുടെ പതിവായുള്ള സഹായവിതരണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ആരോപിച്ചു. സംഘർഷം കുറയ്ക്കാനോ നീതിയുക്തമായ പരിഹാരത്തിലേക്ക് നീങ്ങാനോ റഷ്യ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിന്റെ ഊർജ-വിതരണ ശൃംഖലകൾ ലക്ഷ്യമിട്ട് റഷ്യ പുതിയ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
SUMMARY: Russian attack on relief center in Ukraine: Death toll reaches 29, 48 people missing
















