കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ് ബസ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ ശിവൻ (41) നെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ഭർത്താവുമായി വഴക്ക് പതിവായതോടെ ശിവന്റെ ഭാര്യയായ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് ശിവൻ പിന്നാലെ എത്തി രജനീയുമായും ശ്യാമളയുമായും വഴക്കുണ്ടാക്കി. ആക്രമിക്കാനായി വന്ന ശിവനിൽനിന്നും രക്ഷനേടാൻ ഇരുവരും അയൽ വീട്ടിലേക്ക് ഓടി. പിന്തുടർന്നെത്തിയ ശിവൻ തടിക്കഷ്ണം ഉപയോഗിച്ച് രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശ്യാമളയ്ക്ക് അടിയേറ്റുവെന്നാണ് പോലിസ് പറയുന്നത്.
തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആദ്യം ഭരണിക്കാവിലെയും പിന്നീട് അടൂരിലെയും സ്വകാര്യ ആശുപത്രികളിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റുകയായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുന്നതിനിടയില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് മുതുപിലാക്കാട്ടില് നിന്നും പൊലീസ് പിടികൂടി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
SUMMARY: hit on the head with a piece of wood; The mother-in-law, who was in a critical condition, died due to a fractured skull due to her son-in-law’s attack
















