അമരാവതി: ആന്ധ്രയുടെ തീര മേഖലകളിൽ നാശം വിതച്ച് മുരശു ചുഴലിക്കാറ്റ്. അപകടങ്ങളിൽ രണ്ടു പേർ മരിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ബാധിത ജില്ലകളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. തീരദേശ ജില്ലകളായ നെല്ലൂർ, തിരുപ്പതി, പ്രകാശം, ബാപ്പട്ല എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത്. മണിക്കൂറിൽ കിലോമീറ്ററുകളോളം വേഗതയിൽ വീശിയടിച്ച കാറ്റിൽ നിരവധി വൃക്ഷങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. പലയിടങ്ങളിലും ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
ദുരന്തസാഹചര്യം നേരിടാൻ സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) ദേശീയ ദുരന്തനിവാരണ സേനയും (NDRF) വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തിവരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്കായി പ്രധാന ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചു.
ആന്ധ്രാപ്രദേശിലും ഒഡിഷയിലും കനത്ത മഴയാണ് ലഭിച്ചത്. ചുഴലിക്കാറ്റ് കരതൊട്ട ആന്ധ്രാപ്രദേശിലെ പ്രകാശം, നെല്ലൂർ, ബാപട്ല, എൻടിആർ ജില്ലകളിലാണ് അതിശക്തമായ മഴ രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ഉൾപ്രദേശങ്ങളിലേക്ക് നീങ്ങിയതോടെ മഴ വ്യാപിച്ചു. അടുത്ത രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നൽകുന്ന മുന്നറിയിപ്പ്. അതേസമയം, ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ച നേരിയ മഴയാണ് ലഭിച്ചത്. ഇതേ തുടർന്ന് ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അങ്കണവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.
അതേസമയം, ചൊവ്വ ഉച്ചയോടെ മുരസു അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് ചുഴലിക്കാറ്റായി ദുർബലപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരമേഖലയിലൂടെ നീങ്ങുന്നതിനിടെയാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത്.
SUMMARY: Cyclone ‘Murash’ wreaks havoc in Andhra: two dead; Holiday for educational institutions
















