ഡൽഹി: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ സൈനികന് സ്വന്തം ഗ്രാമത്തില്‍ വെടിയേറ്റു. ഉത്തർപ്രദേശിലെ ഗോപാല്‍പുർ ഖദാന സ്വദേശിയായ സൗരഭ് തോമർ (28) ആണ് ആക്രമണത്തിനിരയായത്. അയല്‍വാസികളായ രണ്ടുപേരാണ് സൗരഭിനും ഇരട്ടസഹോദരൻ വിനീതിനും നേരെ ആക്രമണം നടത്തിയത്. പരുക്കേറ്റ സൗരഭ് അപകടനില തരണം ചെയ്തു.
വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന സൗരഭും വിനീതും ധീരജ്, മോനു എന്നിവരുമായി വാക്കുതർക്കത്തിലേർപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബത്തോട് മുൻവൈരാഗ്യം പുലർത്തിയിരുന്ന പ്രതികള്‍ നാടൻ തോക്കും വടികളുമായി എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികളിലൊരാള്‍ ഉതിർത്ത വെടിയുണ്ട സമീപത്തെ ചുവരില്‍ തട്ടി സൗരഭിന്റെ തലയില്‍ പതിക്കുകയായിരുന്നു.
വടികൊണ്ടുള്ള മർദനത്തില്‍ വിനീതിന്റെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 2021ലാണ് സൗരഭ് രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ കുതിരപ്പട വിഭാഗത്തില്‍ അംഗമായത്. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: President’s bodyguard shot















