അല്‍ അമേറത്ത്: പാകിസ്ഥാനെ വീഴ്ത്തി അണ്ടർ 19 ഏഷ്യ കപ്പ് സ്വന്തമാക്കി ഇന്ത്യ. ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യൻ യുവനിരയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ഇതേ ടൂർണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനോട് ഏറ്റുവാങ്ങിയ മൂന്ന് വിക്കറ്റ് തോല്‍വിക്ക് പകരം വീട്ടിയാണ് ഇന്ത്യയുടെ കിരീട നേട്ടം.
ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യരാജേഷ് റായ് ചന്ദനി, ആര്യവീർ സെവാഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ 80 റണ്‍സ് നേടിയപ്പോള്‍ ആര്യവീർ 58 റണ്‍സ് സ്വന്തമാക്കി. മനല്‍ ചൗഹാൻ 47 റണ്‍സും അവസാന ഓവറുകളില്‍ തകർത്തടിച്ച് പുറത്താകാതെ 49 റണ്‍സ് നേടിയ മോഹിത് ഉല്വയും ഇന്ത്യയുടെ ആവേശ വിജയത്തില്‍ നിർണായകമായി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഉസ്മാൻ ഖാൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും അബ്ദുള്‍ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്. ഇന്ത്യൻ ബൗളിംഗില്‍ കാവ്യ പട്ടേല്‍ നാല് വിക്കറ്റും ചിഗുരപതി വെങ്കട മൂന്ന് വിക്കറ്റും വീഴ്ത്തി.
SUMMARY: India defeats Pakistan on the final ball; clinches Under-19 Asia Cup title















