മധുര: തമിഴ്നാട്ടിലെ നാഗർകോവില്‍ റെയില്‍വേ സ്റ്റേഷൻ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് പിടിയിലായത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നവംബർ 14-ന് അർധരാത്രി 12:30-ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
അർധരാത്രി സ്റ്റേഷനിലെ അഞ്ചാം പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന സ്ത്രീയെ പ്രതി ബലംപ്രയോഗിച്ച് വലിച്ചിഴച്ച് 13-ാം നമ്പർ യാർഡില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോച്ചിനുള്ളില്‍ വെച്ച് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.
നവംബർ 18-ന് രാവിലെ എട്ടുമണിക്കാണ് നാഗർകോവില്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ യാർഡില്‍ നിർത്തിയിട്ടിരുന്ന നാഗർകോവില്‍ – കോട്ടയം ട്രെയിനിന്റെ കോച്ചിനുള്ളില്‍ സീറ്റിനടിയിലായി അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ യുവതി ബലാത്സംഗത്തിന് ഇരയായെന്നും കൊലപാതകമാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.
SUMMARY: Woman raped and murdered in train carriage; suspect arrested















