കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. ‘ഓപറേഷൻ സൗന്ദര്യ’ എന്നപേരിൽ എല്ലാ ജില്ലകളിലും പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് നിർദേശം നൽകി. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം ഉൽപന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമേ പേശീബലം വർധിപ്പിക്കാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജ പരസ്യങ്ങളിലൂടെ വിൽക്കുന്ന ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ എന്നിവയും പരിശോധനയുടെ പരിധിയിൽ വരും. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
മംഗളൂരു–കാസറഗോഡ് മേഖല കേന്ദ്രീകരിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ സംസ്ഥാനത്ത് വിൽക്കുന്നുണ്ടെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ വിലയിരുത്തൽ. പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും തുടർനടപടികളും ശക്തമാക്കുന്നത്.
മെർക്കുറി അടങ്ങിയ ഫെയ്സ്‌ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതിയുമായി മലപ്പുറത്തെ 17-കാരി രംഗത്തെത്തിയ സംഭവമാണ് ആരോഗ്യവകുപ്പിന്റെ ഇടപെടലിന് പശ്ചാത്തലമായത്. സംഭവത്തിൽ നിയമപോരാട്ടം ശക്തമാക്കാനാണ് പെൺകുട്ടിയുടെ തീരുമാനം. കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ഒരു വർഷത്തോളമായി മൂന്ന് ബോട്ടിൽ ക്രീമാണ് പെൺകുട്ടി ഉപയോഗിച്ചത്. തുടക്കത്തിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് അമിത ക്ഷീണം, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, രാത്രികാലങ്ങളിലെ ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെട്ടു. തുടർന്ന് മുഖത്തും കൈകാലുകളിലും നീര് കണ്ടുതുടങ്ങിയതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്. രക്തപരിശോധനയിൽ ശരീരത്തിൽ മെർക്കുറിയുടെ അളവ് ക്രമാതീതമായി ഉയർന്നതായി കണ്ടെത്തിയതോടെ ക്രീം ലാബിൽ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
പതിനഞ്ച് ദിവസം കൊണ്ട് മുഖകാന്തി വർദ്ധിപ്പിക്കുമെന്നും മുഖക്കുരുവും കരുവാളിപ്പും മാറ്റുമെന്നുമുള്ള ഇൻസ്റ്റഗ്രാം പരസ്യം കണ്ടാണ് പെൺകുട്ടി ഉൽപന്നം വാങ്ങിയത്. ആദ്യ ബോട്ടിൽ ഉപയോഗിച്ചപ്പോൾ മാറ്റം തോന്നിയതിനാൽ ഉപയോഗം തുടരുകയായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിൽപനക്കാരോട് പരാതിപ്പെട്ടപ്പോൾ, ക്രീമിൽ മെർക്കുറി ഇല്ലെന്നും പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ഇവരുടെ മറുപടി. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്.
വിവാദ ഫെയർനെസ് ക്രീം വിറ്റിരുന്ന ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായിട്ടുണ്ട്. സംഭവം വാർത്തയായതിന് പിന്നാലെയാണ് ഇൻഫ്ലുവൻസർമാർ പ്രൊമോട്ട് ചെയ്യുകയും ടാഗ് ചെയ്യുകയും ചെയ്തിരുന്ന ഈ അക്കൗണ്ട് അപ്രത്യക്ഷമായത്.
SUMMARY: License to be permanently cancelled for selling fake fairness creams; cases to be filed against vloggers who promote them as well.
















