ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പമ്പാ നദിയിലും പരിസരങ്ങളിലും വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കി. ഡ്യൂട്ടി മജിസ്ട്രേറ്റ്മാർക്കും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുമായിരിക്കും പിഴ ചുമത്താനുള്ള അധികാരം. ഹൈക്കോടതി കർശനമായി ഇടപെട്ടിട്ടും ബോധവത്കരണം നടത്തിയിട്ടും പമ്പയിൽ തീർഥാടകർ തുണികൾ ഉപേക്ഷിക്കുന്നത് കുറവില്ലായിരുന്നു. ഇതിനെ തുടർന്നാണ് പിഴ ചുമത്താനുള്ള പുതിയ തീരുമാനം.
നിരോധനം ലംഘിച്ച് നദിയിലോ പരിസരങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. പിഴ 15 ദിവസത്തിനകം അടയ്ക്കാത്തപക്ഷം മറ്റ് നിയമനടപടികൾക്ക് പുറമേ പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കും. ഭാരതീയ ന്യായ സംഹിത, കേരള പഞ്ചായത്ത് രാജ് നിയമം, ജലമലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമുള്ള തുടർനടപടികളും സ്വീകരിക്കുന്നതാണെന്നും ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഐഎഎസ് അറിയിച്ചു.
ഇത്തവണത്തെ മണ്ഡലകാല തീർഥാടനത്തിൻ്റെ ആദ്യത്തെ മൂന്നുദിവസംകൊണ്ടുതന്നെ 23 ടണ്ണോളം തുണിമാലിന്യങ്ങളാണ് പമ്പയിൽനിന്ന് പുറത്തെടുത്തത്. പമ്പയിലും മറ്റ് പരിസരപ്രദേശങ്ങളിലും ബോർഡുകളും അറിയിപ്പുകളുമൊക്കെ ഉണ്ടെങ്കിലും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഒരുവിഭാഗം ഭക്തർ ഇപ്പോഴും പമ്പയിൽ തുണികൾ ഉപേക്ഷിക്കുന്നു. അതേസമയം ഇതിന് ആചാരവുമായി യാതൊരു ബന്ധമൊന്നുമില്ല.
SUMMARY: Rs 5,000 fine for leaving behind clothes at Pamba Triveni; order issued by Sabarimala ADM















