ബെംഗളൂരു: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സുഹൃത്തുക്കൾ മർദിച്ച യുവാവ് കൊല്ലപ്പെട്ടു. ലിഫ്റ്റ് റിപ്പയർ ജോലികൾ ചെയ്തിരുന്ന ഹൊറമാവു സ്വദേശി അംബർ (22) യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സയ്യിദ് യൂനുസ്, തമീം, മുഹമ്മദ് മുദാസിർ എന്നിവര ഡി.ജെ. ഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
നവംബർ 18-ന് സുഹൃത്തുക്കളുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് പ്രതികൾ അംബറിന്റെ മുഖത്തും പുറത്തും വയറിലും ആവർത്തിച്ച് ഇടിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം വീട്ടിൽതന്നെ താമസിപ്പിച്ച് ഒ.ആർ.എസ്. ലായനി നൽകിയെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് യുവാവ് ഉറങ്ങാൻ പോയെങ്കിലും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നവംബർ 22-ന് മുനേശ്വരനഗറിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിലുള്ള സ്റ്റോർ മുറിയിലാണ് അംബറിന്റെ മൃതദേഹം കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ കൊലപാതകക്കേസായി അന്വേഷണം മാറ്റി.
അതിനിടെ, മകൾ ജനിച്ചതിനുശേഷം കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സുഹൃത്തുക്കളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ അംബർ ആഗ്രഹിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കൾ നേരത്തെയും യുവാവിനെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നുവെന്നാണ് സഹോദരന്റെ മൊഴി. ഈ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്.
SUMMARY: Dispute over a bike theft: 22-year-old lift technician beaten to death by friends; three arrested.















