കോവളം: കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്നാട് വല്ലിയൂർ സ്വദേശി വീരപാണ്ഡിയനാണ് പിടിയിലായത്. കേസിലെ 14-ാം പ്രതിയാണ് ഇയാള്‍. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. സ്പായില്‍ പലതവണ എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. സ്പായില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ആദ്യം സ്പാ നടത്തിപ്പുകാരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്ത പോലീസ്, തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൂടുതല്‍ പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് സൂചന നല്കുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ജോലിക്കെന്ന പേരില്‍ സ്പാകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ അതിക്രമം നടന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി കോവളത്ത് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ഇയാള്‍ക്കൊപ്പം പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതൃസഹോദരി നല്കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പുറത്തുവന്നു.
16 വയസും 20 വയസും രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകള്‍ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ 16 വയസാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഷെല്‍ട്ടറിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ കൗണ്‍സിലിങ്ങിനിടെയാണ് ദീർഘകാലമായി നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്.
SUMMARY: Kovalam spa assault case: One more person arrested
















