തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നല്‍കി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. പരാതി നല്‍കിയെന്ന് സ്ഥിരീകരിച്ച അടൂർ പ്രകാശ്, ഇതുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങളില്‍ പ്രതികരിക്കാൻ തയ്യാറായില്ല. യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അദ്ദേഹം നേരത്തെയും രംഗത്തെത്തിയിരുന്നു.
വി.ഡി. സതീശനെതിരായ വിമർശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്ന് അടൂർ പ്രകാശ് ആവർത്തിച്ചു. ഈ വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ എഐസിസിയെ അറിയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതൃപ്തി തുറന്ന് പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അടൂർ പ്രകാശ് അസാധാരണ വാർത്താ സമ്മേളനവും നടത്തിയിരുന്നു.
ബോർഡ്, കോർപ്പറേഷൻ നിയമനങ്ങള്‍ നടന്നത് യാതൊരു ചർച്ചയും ഇല്ലാതെയണെന്ന് അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തിയും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെയും മുന്നണിയുടെയും പല നിർണായക കാര്യങ്ങളും താൻ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു.
SUMMARY: Adoor Prakash has lodged a complaint with the AICC against Chief Minister V.D. Satheesan
















