ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ 20 ശതമാനത്തിനും മുകളിലാണെന്ന സ്വന്തം സർക്കാരിന്റെ ആരോപണങ്ങളെ പിന്തുണച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. എണ്ണവിപണന കമ്പനികള്‍ ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബന്ധപ്പെട്ട മന്ത്രി തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തി വിശദാംശങ്ങളും രേഖകളും പുറത്തുവിടുമെന്ന് ശിവകുമാർ അറിയിച്ചു.
എൻജിൻ ഇടയ്ക്കിടെ നിലയ്ക്കുന്നതും മൈലേജ് കുറയുന്നതും ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് പ്രശ്നമുണ്ടെന്ന പരാതികള്‍ ലഭിച്ചതായി ശിവകുമാർ പറഞ്ഞു. സാമ്പിളുകള്‍ ശേഖരിച്ച 67 സ്ഥലങ്ങളെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അന്വേഷണം ഏകദേശം 30 ശതമാനം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്വച്ചാണ് അധിക എഥനോള്‍ കലർത്തുന്നതെന്നും അതിന് രേഖകളുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയം രാഷ്ട്രീയലക്ഷ്യത്തോടെയല്ല ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ചില വില്പ്പനകേന്ദ്രങ്ങളില്നിന്നുള്ള പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയെന്നാണ് സംസ്ഥാന വകുപ്പിന്റെ വാദം. എന്നാല്‍ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് ശേഖരിച്ച ഇ20 പെട്രോളിന്റെ 893 സാമ്പിളുകളും നിശ്ചിത ഗുണനിലവാരം പാലിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
എഥനോള്‍ കലർത്തുന്നത് നിയന്ത്രിതവും യന്ത്രവത്കൃതവുമായ പ്രക്രിയയാണെന്നും കൈകൊണ്ട് നടത്തുന്ന ഇടപെടലല്ലെന്നും ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികള്‍ വ്യക്തമാക്കി. ഇരുപത് ശതമാനം എഥനോള്‍ കലർത്താനുള്ള അനുമതി ശാസ്ത്രീയ പഠനങ്ങളുടെയും സാങ്കേതിക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.
SUMMARY: Allegations of excess ethanol in petrol; D.K. Shivakumar says he will release documents
















