ബെംഗളൂരു: നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതിനായി 123 കോടി രൂപയുടെ ബയോഗ്യാസ് പദ്ധതി നടപ്പാക്കാൻ നീക്കം. ബെംഗളൂരുവിലെ ഹരളകുണ്ടെയിൽ ഗെയിൽ സ്ഥാപിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിനാണ് പദ്ധതി. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13-ന് തറക്കല്ലിടും.
പ്രതിദിനം 300 ടൺ ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിൽനിന്ന് ദിവസേന 12.6 ടൺ കംപ്രസ്ഡ് ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. വീടുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഇന്ധനമാക്കി മാറ്റുന്നതിലൂടെ മാലിന്യസംസ്കരണത്തിന് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.
നഗരത്തിൽ വർധിച്ചുവരുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനൊപ്പം പരമ്പരാഗത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പദ്ധതി സഹായിക്കും. മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് ഊർജോൽപ്പാദനത്തിന് ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സാധിക്കും.
കംപ്രസ്ഡ് ബയോഗ്യാസ് വാഹന ഇന്ധനമായും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. പദ്ധതിയിലൂടെ മാലിന്യത്തെ ഒരു വിഭവമാക്കി മാറ്റുന്നതിനൊപ്പം ബെംഗളൂരുവിന്റെ മാലിന്യസംസ്കരണ സംവിധാനത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
SUMMARY: Biogas from waste; 123 crore project in Bengaluru















