ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’ ബുക്ക് ബ്രഹ്മ ലിറ്ററേച്ചർ സാഹിത്യോത്സവത്തില്‍ നാളെ പ്രകാശനം ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 1.25 വരെ കോറമംഗലയിലെ സെന്റ് ജോൺ ഓഡിറ്റോറിയത്തിലാണ് പ്രകാശനച്ചടങ്ങ്. സാഹിത്യോത്സവത്തിന്റെ കന്നഡ സെഷനിലാണ് പുസ്തകപ്രകാശനം നടക്കുന്നത്. ഡോ. സുഷ്മ ശങ്കറിനൊപ്പം ഡോ. ബി. എസ്. ശിവകുമാറും ഡോ. ബാലപ്പ ഇരപ്പ ചിനഗുണ്ടിയും സെഷനിൽ പങ്കെടുക്കും.
കുട്ടികളുടെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും കൗതുകങ്ങളും നിഷ്കളങ്കമായ വികാരങ്ങളും കവിതയിലൂടെ ആവിഷ്കരിക്കുന്ന കൃതിയാണ് ‘ചിന്നര നിനാദ’. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും കന്നഡ ഭാഷയോടും സാഹിത്യത്തോടും അടുപ്പം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമം കൂടിയാണ് ഈ കവിതാസമാഹാരം.
കന്നഡ സംസാരിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും കന്നഡ പഠിപ്പിച്ചും കുട്ടികളുമായി നിരന്തരം ഇടപഴകിയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ തന്റെ അധ്യാപകാനുഭവമാണ് ഡോ. സുഷ്മ ശങ്കറിന്റെ രചനയ്ക്ക് പിന്നിലെ പ്രധാന പ്രചോദനം. കഴിഞ്ഞ 13 വർഷമായി ‘തൊദൽനുടി’ എന്ന കന്നഡ ബാലമാസികയുടെ എഡിറ്ററായി കുട്ടികളുടെ സാഹിത്യലോകവുമായി അവർ പുലർത്തുന്ന ആത്മബന്ധവും കൃതിയുടെ രൂപീകരണത്തിൽ നിർണായകമായി.
മൊബൈൽ ഫോണിന്റെയും സാമൂഹികമാധ്യമങ്ങളുടെയും അമിതമായ ഉപയോഗം കുട്ടികളെ പുസ്തകങ്ങളിൽനിന്നും വായനയിൽനിന്നും അകറ്റുന്ന കാലത്ത്, വായനയുടെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതുമാണ് കൃതി. ഒരു നല്ല പുസ്തകം കുട്ടിയുടെ സങ്കൽപ്പശക്തിയും ഭാഷയും ചിന്താശേഷിയും ഏകാഗ്രതയും സംവേദനശേഷിയും വളർത്തുമെന്ന സന്ദേശമാണ് കവിതകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്.
ചിന്മയി പബ്ലിക്കേഷൻസ്, ധാർവാഡ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുട്ടികളുടെ മനസ്സിൽ വായനയോടുള്ള സ്നേഹവും കന്നഡയോടുള്ള അഭിമാനവും സാഹിത്യത്തോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃതി വായനക്കാരിലേക്ക് എത്തുന്നത്.
SUMMARY: Children’s poetry collection ‘Chinnara Ninada’ written by Dr. Sushma Shankar; to be released tomorrow at Book Brahma Literary Festival
















