ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് 2,600 അധിക ബസുകൾ സർവീസ് നടത്താൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) തീരുമാനിച്ചു. നവംബർ 6 മുതൽ 8 വരെ ബെംഗളൂരുവിൽനിന്ന് വിവിധ നഗരങ്ങളിലേക്കും നവംബർ 10, 11 തീയതികളിൽ തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും.
ബെംഗളൂരുവിലെ കെംപെഗൗഡ ബസ് സ്റ്റേഷൻ, മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ടി.ടി.എം.സി എന്നിവിടങ്ങളിൽനിന്നായിരിക്കും പ്രധാനമായും അധിക സർവീസുകൾ പുറപ്പെടുക. മംഗളൂരു, ഉഡുപ്പി, ഹുബ്ബള്ളി, ബെളഗാവി, ഹൈദരാബാദ്, വിജയവാഡ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ ബസുകൾ ഏർപ്പെടുത്തും. കേരളത്തിലേക്കുള്ള യാത്രക്കാർക്കും കോഴിക്കോട്, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് അധിക സർവീസുകൾ പ്രയോജനപ്പെടും.
യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേർ ഒരുമിച്ച് ഒരേ ടിക്കറ്റിൽ യാത്ര ബുക്ക് ചെയ്താൽ ടിക്കറ്റ് നിരക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. പോകാനും വരാനുമുള്ള ടിക്കറ്റുകൾ ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം ഇളവും ലഭിക്കും.
ദീപാവലി അവധിക്കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ചാണ് അധിക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
SUMMARY: Diwali travel rush: Karnataka RTC to operate 2,600 additional services, including to Kerala
















