തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെയും മറ്റ് പ്രമുഖർക്കെതിരെയും നിയമനടപടികൾ ശക്തമാകുന്നു. ഗവർണറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര വകുപ്പാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലി എന്നിവരെ പുതിയ പ്രതികളായി ഉൾപ്പെടുത്തും. നിലവിൽ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിപോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും (ആർബിസി) എം.ഡി. ആന്റോ അഗസ്റ്റിനുമാണ് മറ്റ് പ്രതികൾ. എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തന്നെയാണ് ഈ പുതിയ ആരോപണങ്ങളും അന്വേഷിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് അന്വേഷിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചുവെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് വി. അബ്ദുറഹിമാനെതിരെയുള്ള പ്രധാന ആരോപണം. കുറ്റങ്ങൾ തെളിഞ്ഞാൽ 10 വർഷം വരെ തടവുശി ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താനാണ് നീക്കം.
അനധികൃത ഇടപെടലുകളും കത്തിടപാടുകളും നടത്തിയെന്നാണ് സി. സത്യപാലനെതിരെയുള്ള കണ്ടെത്തൽ. സ്പോർട്സ് കൗൺസിൽ അധ്യക്ഷനായിരിക്കെ സ്പോൺസർക്ക് അനുകൂലമായി കരാറിൽ സാക്ഷിയായി ഒപ്പിട്ടെന്നാണ് യു. ഷറഫലിക്കെതിരെയുള്ള ആരോപണം.
കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മെസ്സിയുടെ പേരിൽ പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും അധികാരദുർവിനിയോഹവും നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
SUMMARY: Fraud involving Messi’s name; Home Department orders inclusion of former Sports Minister V. Abdurahiman as an accused.
















