പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഇതുവരെ കേടാകാത്ത പ്രധാന വാല്‍വുകള്‍ സ്വയം അടയില്ലെന്നും, ആരോ മനഃപൂർവ്വം അടച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കും പോലീസ് മെസ്സിലേക്കുമുള്ള ജലവിതരണമാണ് തടസ്സപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പമ്പയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന വാല്‍വുകള്‍ അടച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വാല്‍വ് അടഞ്ഞത് യാദൃശ്ചികമായോ അബദ്ധത്തിലോ സംഭവിച്ചതാണെന്ന് കരുതുന്നില്ല. തീർത്ഥാടന കാലത്ത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കാനും മാധ്യമങ്ങളില്‍ വാർത്തയാക്കാനും വേണ്ടി ആരോ ചെയ്തതാണിതെന്ന് സംശയിക്കുന്നതായി കെ. ജയകുമാർ വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാല്‍വുകള്‍ക്ക് സമീപം സുരക്ഷാ ഗാർഡുകളെയും വിമുക്ത ഭടന്മാരെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയും പോലീസിന് ജാഗ്രതാ നിർദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അയ്യപ്പഭക്തർ ചൂഷണം ചെയ്യപ്പെടാതെ സുഗമമായി ദർശനം നടത്തി മടങ്ങണമെന്ന ലക്ഷ്യം മാത്രമാണ് ദേവസ്വം ബോർഡിനുള്ളത്.
ഇത്തവണ ഇടനിലക്കാരെ ഒഴിവാക്കി ശർക്കര നേരിട്ട് വാങ്ങിയതിനാല്‍ അരവണയുടെ ഗുണനിലവാരം വർധിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ബോർഡിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചിമുറികളുടെ നടത്തിപ്പ് സ്വകാര്യ കരാറുകാർക്ക് നല്‍കുന്നത് ഒഴിവാക്കി ഇത്തവണ മുതല്‍ ദേവസ്വം ബോർഡ് ശുചിമുറികള്‍ തീർത്ഥാടകർക്കായി പൂർണ്ണമായും സൗജന്യമാക്കിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണോ ജലവിതരണം തടസ്സപ്പെടുത്താൻ കാരണമായതെന്ന് അധികൃതർ സംശയിക്കുന്നുണ്ട്. നേരത്തെ ചിത്തിര ആട്ടവിശേഷ സമയത്തും സമാനമായ രീതിയില്‍ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടിരുന്നു.
SUMMARY: Disruption of water supply to restrooms at Pamba; Devaswom President K. Jayakumar alleges something suspicious















