ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം കൊണ്ടുവരുന്നത് കർണാടക സർക്കാർ പരിഗണിക്കുന്നു. ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിങ് രേഖയിൽ പോയിന്റുകൾ രേഖപ്പെടുത്തുകയും പരിധി കടന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുമാണ് നിർദേശത്തിലുള്ളത്.
സെപ്റ്റംബർ 30-ന് കർണാടക ആഭ്യന്തര, ഗതാഗത വകുപ്പുകൾ നടത്തിയ സംയുക്ത അവലോകന യോഗത്തിലാണ് ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതിനുള്ള വിവിധ നിർദേശങ്ങൾ ചർച്ച ചെയ്തത്.
നിലവിലുള്ള പിഴകൾ വർധിപ്പിക്കുന്നതും ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കൂടുതൽ കർശന നടപടി സ്വീകരിക്കുന്നതും യോഗത്തിൽ പരിഗണിച്ചു.
ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ സൂക്ഷിക്കുന്ന സാരഥി സംവിധാനവും നഗരത്തിലെ ഇ-ചലാൻ സംവിധാനവും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ വാഹനയുടമയുടെയും മുൻകാല നിയമലംഘനങ്ങൾ വേഗത്തിൽ പരിശോധിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കാനും ആലോചനയുണ്ട്.
ഇതുവഴി ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ തിരിച്ചറിയാൻ സാധിക്കും.
അനധികൃത പാർക്കിങ്, സിഗ്നൽ ലംഘനം തുടങ്ങിയ സാധാരണ നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തുന്നതും അപകടകരമായ ഡ്രൈവിങ്ങിന് കൂടുതൽ കർശനമായ ശിക്ഷ നൽകുന്നതും പരിഗണനയിലുണ്ട്. ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്ക് റോഡ് സുരക്ഷാ പരിശീലനം നിർബന്ധമാക്കുന്നതും ചർച്ച ചെയ്തിട്ടുണ്ട്.
വാഹനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തുക, ആവശ്യമായ സാഹചര്യങ്ങളിൽ വാഹനങ്ങൾ പിടിച്ചെടുക്കുക തുടങ്ങിയ നടപടികളും പരിഗണിക്കുന്നുണ്ട്.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കുകയാണ് നടപടികളുടെ ലക്ഷ്യം.
SUMMARY: Karnataka set to introduce a point system to curb traffic violations.
















