മടിക്കേരി: കുടകിലെ തടിയന്‍റെമോള്‍ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യ ഒടുവില്‍ സുരക്ഷിതയായി വീട്ടിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ശരണ്യ നാദാപുരത്തെ വീട്ടിലെത്തിയത്. മാതാപിതാക്കളെ തിരികെ കണ്ടതിൽ വലിയ സന്തോഷമുണ്ടെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കണ്ടെത്താൻ പരിശ്രമിച്ച രക്ഷാപ്രവർത്തകർക്കും പ്രാർത്ഥിച്ചവർക്കും ശരണ്യ നന്ദി അറിയിച്ചു.
“ട്രെക്കിങ് ഇനിയും തുടരും” എന്നായിരുന്നു വീട്ടിലെത്തിയ ശേഷമുള്ള ശരണ്യയുടെ ആദ്യ പ്രതികരണം. മകളുടെ താൽപ്പര്യങ്ങൾക്ക് തടസ്സം നിൽക്കില്ലെന്ന് മാതാപിതാക്കളും വ്യക്തമാക്കി. ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ.
കുടകിലെ മടിക്കേരിയിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് ദിവസം വനത്തിനുള്ളിൽ കുടുങ്ങിയ ശരണ്യ വെല്ലുവിളികളെ മറികടന്നാണ് പുറത്തെത്തിയത്. ചെറിയ ട്രക്കിങ് ആയതിനാൽ വഴിയിൽ അടയാളങ്ങൾ ഇടാനോ തിരിച്ചറിയാനോയുള്ള സൂചനകളൊന്നും കൈയിൽ കരുതിയിരുന്നില്ല. വെറും വെള്ളവും കാമറയും ഫോണും മാത്രമായാണ് അവർ വനത്തിനുള്ളിൽ അകപ്പെട്ടത്.
മലകയറുന്നതിനിടെ അബദ്ധം പറ്റിയതാണ് വഴിതെറ്റാൻ കാരണമായതെന്ന് ശരണ്യ പറയുന്നു. മുകളിൽ കൂടെയുണ്ടായിരുന്നവരെ കാണാതായപ്പോൾ അവരെ കണ്ടെത്തുന്നതിന് ഇടത് ഭാഗത്തെ വഴിയിലൂടെ എത്താൻ ശ്രമിച്ചെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. നെറ്റ്‍വർക്ക് നഷ്ടമായതോടെ കൊടുംവനത്തിനുള്ളിൽ പെട്ടുപോയപ്പോഴും എങ്ങനെയെങ്കിലും താഴേക്ക് ഇറങ്ങി എത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു. കാണാതായ വനമേഖലയിൽ മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിലാണ് തിരച്ചിൽ സംഘം ശരണ്യയെ കണ്ടെത്തിയത്. നാലു പകലും രാത്രിയും കൊടുംകാട്ടിൽ കുടുങ്ങിയിട്ടും ശരണ്യയുടെ ആത്മവിശ്വാസത്തിന് കുറവുണ്ടായില്ല.
കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടാം തിയതി രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ട്രക്കിങ് ആരംഭിച്ചു. പ്രദേശത്ത് കാട്ടാന ശല്യം കണക്കിലെടുത്ത് മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ശരണ്യ യാത്ര തിരിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ശരണ്യ സംഘത്തോടൊപ്പം ചേർന്നത്. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്നാണ് ശരണ്യയെ കാണാതായെന്ന വിവരം പുറംലോകമറിയുന്നത്.
SUMMARY: Saranya returns home to Nadapuram
















