മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി അബ്ദുല്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥി കെ എം അഷറഫിനെ പിന്‍വലിപ്പിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ കെ.എം അഷ്‌റഫ് ജില്ലാ ഭാരവാഹിത്വം രാജിവെക്കുകയും ചെയ്തിട്ടുണ്ട്.
യുഡിഎഫും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം ബിജെപിക്കാണ് ഗുണം ചെയ്യുകയെന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. ഇതിനൊടുവിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരിക്കുന്നത്. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് കെ.എം അഷ്റഫ് പറഞ്ഞു.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഇന്നലെ പറഞ്ഞിരുന്നു.
SUMMARY: SDPI candidate from Manjeswaram, K.M. Ashraf, withdraws his nomination
















